മമ്മൂട്ടി മൗഗ്ലിയായി എത്തുന്നു? ‘ജംഗിൾ ബുക്ക്’ മലയാളത്തിലേക്ക്!

പുലിമുരുകനെ വെല്ലാൻ ലിറ്റിൽ സൂപ്പർമാനു ശേഷം ബിഗ് ബജറ്റ് ചിത്രം ‘മൗഗ്ലിരാജ’യുമായി വിനയൻ

ആർട്ട് പടങ്ങളുടെ അവാർഡ് പെരുമ കൊണ്ട് മാത്രമല്ല, ഇനി മുതൽ മലയാള സിനിമ ബിഗ് ബജറ്റ് കൊമേഴ്ശ്യല്‍ ഹിറ്റുകളുടെ പേരിൽ കൂടിയാണ് അറിയപ്പെടാൻ പോകുന്നത്. ലാലേട്ടന്‍റെ ബിഗ് ബഡ്ജറ്റ് ചിത്രം ‘പുലിമുരുകൻ’ നൂറു കോടി വാരിക്കൂട്ടിയതിന്‍റെ വിജയം ആഘോഷിക്കെ, ‘പുലിമുരുകനെ’ വെല്ലാൻ മമ്മൂക്കയുടെ ‘മൗഗ്ലിരാജ’ അണിയറയിലൊരുങ്ങുന്നു. ലിറ്റിൽ സൂപ്പർമാനു ശേഷം വിനയൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘മൗഗ്ലി രാജ’ ‘ജംഗിൾ ബുക്കി’ന്‍റെ നൂതന ഉത്തരാധുനിക മലയാള ചലച്ചിത്ര അനുഭവമായിരിക്കുമെന്ന് വിനയൻ അവകാശപ്പെടുന്നു.

ചെയ്യാത്ത കുറ്റത്തിന് നാടുവിട്ട് ആഫ്രിക്കൻ കാടുകയറിയ ‘രാജ’ എന്ന ബാലൻ ‘മൗഗ്ലിരാജ’യാകുന്ന ആക്ഷൻ – റൊമാന്റിക് ചിത്രത്തിൽ, ഷേർഖാനുമായുള്ള സംഘട്ടനം ഡ്യൂപ്പിനെ വെച്ച് ചിത്രീകരിക്കാനായിരുന്നു ആദ്യം തീരുമാനിച്ചതെങ്കിലും ഇക്ക കടുവയുമായി ഏറ്റുമുട്ടാൻ സ്വയം സന്നദ്ധനായത് തന്നെ ഏറെ അമ്പരപ്പിച്ചുവെന്ന് ചിത്രത്തിന്റെ സംഘട്ടന സംവിധായകൻ ഫ്യൂരിയാസ ഡബിൾകിക്ക പറഞ്ഞു. ‘Mammu Ikka is the one and only lion hearted actor from Kerala to fight with a tiger’ എന്ന ഫ്യൂരിയാസ യുടെ വാക്കുകൾ, മമ്മൂട്ടി ഫാൻസ് ടീംസിന് പുത്തന്‍ ഉണർവ്വ് നൽകിയിട്ടുണ്ട്. ആക്ഷനൊപ്പം റൊമാൻസിനും ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ അലിയ ഭട്ടാണ് നായിക. ആഫ്രിക്കൻ വനാന്തരങ്ങളിൽ ‘നീലക്കൊടുവേലി’ തേടിയെത്തുന്ന ഇൻഡ്യൻ ഗവേഷക വിദ്യാർത്ഥിനിയായാണ് അലിയാ ഭട്ട് അഭിനയിക്കുന്നത്. ചിത്രത്തിന്‍റെ നൃത്തസംവിധായകൻ തെന്നിന്ത്യൻ സൂപ്പർ താരം പ്രഭുദേവയാണ്. ആഫ്രിക്കൻ വെള്ളാനകളുടെ മുകളിലേറി മമ്മൂട്ടിയും അലിയാ ഭട്ടും ചെയ്യുന്ന നൃത്തരംഗം ലോകസിനിമാ ചരിത്രത്തിൽ തന്നെ ആദ്യ സംഭവമായിരിക്കുമെന്ന് പ്രഭുദേവ ‘തേങ്ങാക്കുല ന്യൂസി’നോട് പറഞ്ഞു.