“വെളിച്ചപ്പാടിന്‍റെ ഭാര്യ” വെള്ളിത്തിരയിലേക്ക് ; ‘നിർമ്മാല്യ’ത്തിന്‍റെ രണ്ടാം ഭാഗം സിനിമയാക്കാന്‍ ഒരുങ്ങുന്നു!

“എന്‍റെ ‘വെളിച്ചപ്പാടിന്‍റെ ഭാര്യ’ ഒരു ഫെമിനിസ്റ്റിക് സമീപനമാണ്”:എം .ടി. വാസുദേവൻ നായർ തേങ്ങാക്കുല പ്രധിനിധി വിമല്‍ വിനോദിനോട് മനസ്സു തുറക്കുന്നു.

കേരളം : സമകാലിക കേരളീയ യുക്തിവാദി അന്തഃപുരങ്ങളെ അടിമുടിയുലയ്ക്കുന്നതിൽ അപാര സംഹാരശേഷി പേറുന്ന മലയാള ചലച്ചിത്രമാണ് എം.ടി. വാസുദേവൻ നായർ എഴുപതുകളിൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ നിർമ്മാല്യം.’ മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്ക്കാരം കരസ്ഥമാക്കിയ ഈ ചിത്രം പി.ജെ. ആന്റണി യ്ക്ക് മികച്ച നടനുള്ള പുരസ്കാരവും നേടിക്കൊടുത്തു.

എന്നാൽ ഇന്ന് യുക്തിവാദി സദസ്സുകളിൽ ‘നിർമ്മാല്യം’ ചർച്ചയാകുന്നത് പ്രമുഖയുക്തിവാദി സി.രവിചന്ദ്രന്‍റെ ‘വെളിച്ചപ്പാടിന്‍റെ ഭാര്യ’ എന്ന വിവാദ പ്രഭാഷണത്തെ അധികരിച്ചാണ്. സ്ത്രീപക്ഷവാദികളായ യുക്തിവാദികൾ പ്രസ്തുത പ്രഭാഷണം സ്ത്രീവിരുദ്ധമാണെന്ന് ആരോപിക്കുമ്പോൾ, സി.രവിചന്ദ്രൻ പുരുഷനെ അഭിസംബോധന ചെയ്യുന്നതെല്ലാം സ്ത്രീവിരുദ്ധമാകണമെന്നില്ലെന്നും പ്രതികരണങ്ങൾ നിഴൽയുദ്ധങ്ങളാണെന്നും പ്രത്യാരോപണങ്ങളിറക്കി പുന:പ്രഭാഷണങ്ങൾ നടത്തുന്നു.

ഇതിനിടെയാണ് ജ്ഞാനപീഠ പുരസ്കർത്താവായ എം.ടി. വാസുദേവൻ നായർ ‘ നിർമ്മാല്ല്യ’ത്തിന്‍റെ രണ്ടാം ഭാഗത്തിന്റെ രചനയിലാണ് താനെന്ന് തേങ്ങാക്കുല ന്യുസിനോട് മനസ്സു തുറക്കുന്നത്. പുതിയ ചിത്രത്തിന്‍റെ പേരാകട്ടെ – ‘വെളിച്ചപ്പാടിന്‍റെ ഭാര്യ’! പ്രമേയം യുക്തിവാദവും! തീർത്തും യാദൃച്ഛികം! സി. രവിചന്ദ്രന്‍റെ പ്രഭാഷണങ്ങളോ തുടർന്നുള്ള നൂലാമാലകളോ തനിക്കറിയില്ലെന്നാണ് എം.ടി.യുടെ പ്രതികരണം. എന്തിന്, രവിചന്ദ്രനെപ്പോലും തനിക്കറിയില്ലെന്ന് വെളിച്ചപ്പാടിനെ അരങ്ങിൽ തീർത്ത കഥാകാരൻ പറയുന്നു.

സംഭാഷണത്തിൽ നിന്നും പ്രസക്തഭാഗങ്ങൾ:

തേങ്ങാക്കുല പ്രതിനിധി: അങ്ങയുടെ പുതിയ ചിത്രത്തിന്റെ പേര് ‘വെളിച്ചപ്പാടിന്‍റെ ഭാര്യ’ എന്നാണല്ലോ? ഇതേ പേരിൽ വിവാദമായ യുക്തിവാദ പ്രഭാഷണം ശ്രദ്ധയിൽപ്പെട്ടിരുന്നുവോ?

എം.ടി. : എനിക്കതിനെപ്പറ്റി അറിയില്ല. ‘പള്ളിവാളും കാൽച്ചിലമ്പും’ എന്ന ചെറുകഥയുടെ ചലച്ചിത്രഭാഷ്യമായിരുന്നു ‘നിർമ്മാല്ല്യം’. ഇപ്പോൾ മൂന്നാം ഭാഗമാണ് യഥാർത്ഥത്തിൽ എഴുതുന്നത്. മറ്റുള്ളവർ എങ്ങനെയൊക്കെ സമീപിക്കുന്നു എന്നതിനെപ്പറ്റി എനിക്കറിയില്ല.
പ്രതിനിധി: ‘വെളിച്ചപ്പാടിന്‍റെ ഭാര്യയുടെ’ പ്രമേയവും യുക്തിവാദ- നാസ്തിക സംബന്ധമാണെന്ന് പറയുകയുണ്ടായി…

എം.ടി.: എന്‍റെ ‘വെളിച്ചപ്പാടിന്‍റെ ഭാര്യ’ ഒരു ഫെമിനിസ്റ്റിക് സമീപനമാണ്. യുക്തിവാദിയോ നാസ്തികയോ ആയ ഒരു ഭാര്യ ഒരു ആണധികാര മതാത്മക ലോകത്ത് എങ്ങനെ പ്രശ്നവൽക്കരിക്കപ്പെടുന്നു എന്നതാണ് പ്രമേയം. ‘നിർമ്മാല്ല്യം’ മുന്നോട്ടു വെയ്ക്കുന്ന വെളിപാടുനിരാസ ചർച്ചയുടെ സ്ത്രീപക്ഷ തുടർച്ചയായി അതിനെ കാണാനാകും എന്നു കരുതുന്നു.

പ്രതിനിധി: എഴുപതുകളിലേതിനു തത്തുല്ല്യമായ ക്ഷേത്ര വിശ്വാസമോ ദാരിദ്രമോ ഇന്ന് കേരളത്തിലില്ല. ഇത് പുതിയ രംഗഭാഷ്യത്തിന്റെ പശ്ചാത്തലത്തിലെ വിശ്വാസ യോഗ്യതയെ റദ്ദുചെയ്യില്ലേ?

എം.ടി.: വെളിച്ചപ്പാട് ഇവിടെ കടന്നു വരുന്നില്ല. ‘വെളിച്ചപ്പാടിന്‍റെ ഭാര്യ’ നിത്യവൃത്തിക്കു വേണ്ടി ശരീരം പണയം വെക്കുന്നു. അതിൽ മനംനൊന്ത്, മെയ്ൽ പ്രിവിലെയ്ജിനു മുറിവേറ്റ് വെളിച്ചപ്പാട് ആത്മഹത്യ ചെയ്യുന്നത് ഡോഗ്മകളെ തള്ളിക്കളയുന്നതിന്‍റെ മാത്രം കാഴ്ച്ചയാണ്. അയാൾ പ്രശ്നങ്ങളിൽ നിന്നും കടന്നു കളയുകയാണ്. പക്ഷേ, വെളിച്ചപ്പാടിന്‍റെ ഭാര്യയുടെ ജീവിതം അപ്പോഴും സങ്കീർണ്ണമാണ്. ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ട മകളുണ്ട്. വീട്ടിൽ നിന്നും പുറത്താക്കപ്പെട്ട മകനുണ്ട്. അവരിൽ നിന്നു പോലും നേരിടേണ്ടി വന്നേക്കാവുന്ന ആൺകാഴ്ച്ചയുടെ മുനകളുണ്ടാകാം. അതൊരു സിനിമയ്ക്ക് നിലമൊരുക്കാൻ പാകമുള്ള പ്രമേയമാണ്. അവിടെ കാലം പ്രസക്തമല്ല. കാലം പാട്രിയാർക്കിയെ കടന്നു പോയിട്ടില്ല.

എഴുത്തുകാരൻ തന്‍റെ രചനയ്ക്കു ശേഷം മരിച്ചുവെന്ന് ബാർത്സ് ആലങ്കാരികമായി പറയുന്നുവെങ്കിലും എഴുത്തുകാരന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങൾ വിവരിക്കാൻ തുടർന്നും അയാൾക്ക് അവകാശമുണ്ട്. എം.ടി. വരച്ചിട്ട വെളിച്ചപ്പാടിന്‍റെ ഭാര്യയാണോ അതോ അതിന്‍റെ പുരുഷ കാഴ്ചയാണോ രവിചന്ദ്രന്റേതെന്ന് പ്രേക്ഷകർക്ക് തീരുമാനിയ്ക്കാൻ വൈകാതെ സാധിക്കും. ഡിസംബറിനുള്ളിൽ ചിത്രം പൂർത്തിയാകുമെന്ന് എം.ടി. ഉറപ്പു നൽകുന്നു.⁠⁠⁠!